Malayalam

എആര്‍എം വ്യാജപതിപ്പ് കേസില്‍ പിടികൂടിയവരുടെ കൈയ്യില്‍ വേട്ടയന്‍റെ വ്യാജനും; തമിഴ് നാട് പൊലീസും ഇടപെടുന്നു

കൊച്ചി: കഴിഞ്ഞ ദിവസമാണ് ടൊവിനോ തോമസിനെ നായകനാക്കി  നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം എആ‍ർഎമ്മിന്റെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് കേരള പൊലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ കൈയ്യില്‍ രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം വേട്ടയന്‍റെ വ്യാജ പതിപ്പും ഉണ്ടായിരുന്നു. ഈ പതിപ്പ് , ബാംഗളൂരുവിലെ മള്‍ട്ടിപ്ലസില്‍ നിന്നാണ് ചിത്രീകരിച്ചത് എന്നാണ് വിവരം. പുതിയ വിവരം അനുസരിച്ച് പിടിയിലായവര്‍ തമിഴ് റോക്കേഴ്സ് ടീം ആണെന്നാണ് വിവരം. ഇവര്‍ക്കെതിരെ തമിഴ് നാട് പൊലീസും കേസ് എടുക്കും. വിവരങ്ങൾ തെളിവുകളും കൊച്ചി പോലീസ് തമിഴ്നാട് പോലീസിന് കൈമാറും എന്നാണ് വിവരം. അതേസമയം എആര്‍എം വ്യാജപതിപ്പ് സംഘം കോയമ്പത്തൂരിലെ തിയേറ്ററിൽവെച്ചാണ് സിനിമ ചിത്രീകരിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചി സൈബർ പൊലീസാണ് ഇവരെ ചോദ്യം ചെയ്യുന്നത്.   മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ കാന്‍വാസില്‍ എത്തിയ ചിത്രമാണ് എആര്‍എം. കരിയറിലെ 50-ാം ചിത്രത്തിൽ  ടൊവിനോ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 നാണ് തിയറ്ററുകളിലെത്തിയത്. എന്നാൽ പിന്നാലെ ചിത്രത്തിന്റെ തിയറ്റർ പതിപ്പ് പുറത്തിറങ്ങി. . ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതേ സമയം പൊലീസ് നടപടിയില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ് എആര്‍എം സിനിമ സംവിധായകന്‍ ജിതിന്‍ ലാല്‍. ഞങ്ങളുടെ പരാതി  സിനിമയുടെ പ്രമോഷൻ ഗിമ്മിക്കാണെന്ന് ചിലര്‍ പറ‍ഞ്ഞുവെന്ന് പറയുന്ന സംവിധായകന്‍ എന്നാല്‍ ജനം കൂടെ നിന്നുവെന്നും പറയുന്നു. മുപ്പതാം നാളിൽ 200 ൽപ്പരം തിയറ്ററുകളിൽ മികച്ച കളക്ഷനോടെ സിനിമ ശക്തമായി നിലകൊള്ളുന്നു എന്നത് തന്നെയാണ് അതിനുള്ള തെളിവ് എന്നും സംവിധായകന്‍ പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *