റൈസ്‌പുള്ളർനൽകാമെന്ന്വിശ്വസിപ്പിച്ച്പണംതട്ടി: 45കാരൻഅറസ്റ്റിൽ
കൊച്ചി: റൈസ് പുള്ളർ നൽകാമെന്ന് വിശ്വസിപ്പിച്ച് പതിനൊന്നര ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. തോപ്പുംപടി ചുള്ളിക്കൽ അറക്കൽ വീട്ടിൽ ആന്റണി വിനുവാണ് (45) പിടിയിലായത്. ആലുവ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ നാല് മാസമായി ആലുവ സ്വദേശിയും ആന്റണി വിനുവും ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ തോപ്പുംപടി, ചുള്ളിക്കൽ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് റൈസ് പുള്ളർ കാണിച്ച് വിശ്വാസം നേടിയെടുത്തായിരുന്നു തട്ടിപ്പ്. റൈസ് പുള്ളർ ഇടുന്നതോടെ ഉപ്പ് നിറംമാറി ബ്രൗണാകുന്നതായിരുന്നു തട്ടിപ്പിനായി പ്രയോഗിച്ചിരുന്ന അടവ്. പതിനൊന്നര ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും മുദ്ര പത്രത്തിൽ എഗ്രിമെന്റ് വെക്കുകയും ചെയ്തതിനു ശേഷം 1,25,000രൂപ മുൻകൂറായി വാങ്ങി. ഇടപാടിനെക്കുറിച്ചുള്ള സൂചനകൾ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന്റണിയെ അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി എ.സി.പി കിരൺ പി.ബിയുടെ നിർദ്ദേശാനുസരണം തോപ്പുംപടി സർക്കിൾ ഇൻസ്‌പെക്ടർ സഞ്ജയ്, എസ്.ഐമാരായ ഷാഫി, എ.എസ്.ഐ രൂപേഷ് ഉണ്ണി, സി.പി.ഒ ബിബിൻ ജോർജ്, സാംസൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.