All

എംഎല്‍എയുടെ വാഹനത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തു; ക്രൂര മർദനം, മാല പൊട്ടിച്ചെന്നും യുവാവ്

തിരുവനന്തപുരം ∙ കാട്ടാക്കടയില്‍ ജി.സ്റ്റീഫന്‍ എംഎല്‍എയുടെ വാഹനത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടു ക്രൂരമായ മര്‍ദനമേറ്റെന്ന് യുവാവിന്റെ പരാതി. കാട്ടാക്കട അമ്പലത്തുംകാലായില്‍ ബിനീഷ് കാട്ടാക്കടയാണു പരാതി നല്‍കിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ നാല്‍പതോളം പേരടങ്ങുന്ന സംഘം വാഹനം തടഞ്ഞ് പിന്നിലെ ഗ്ലാസ് അടിച്ചു തകര്‍ത്തുവെന്നും കഴുത്തിലെ മാല പൊട്ടിച്ചുവെന്നും ബിനീഷ് പറയുന്നു. എംഎല്‍എയുടെ വാഹനത്തിനു മുന്നിലാണ് വണ്ടി ഇട്ടിരുന്നത്. ഈ സമയം കുറച്ച് യുവാക്കള്‍ എത്തി വണ്ടി മാറ്റണമെന്ന് ആവശ്യപ്പെട്ട് മര്‍ദിക്കുകയായിരുന്നു. കാട്ടാക്കട പൊലീസിലാണു ബിനീഷ് പരാതി നല്‍കിയത്.വാഹനം മാറ്റാന്‍ ആരോടും ആവശ്യപ്പെട്ടില്ലെന്നും കേസുമായി ബന്ധമില്ലെന്നും അരുവിക്കര എംഎല്‍എ ജി.സ്റ്റീഫന്‍ പറഞ്ഞു. സംഭവം നടന്നെന്നു പറയുന്ന സമയം ഹാളിനുള്ളില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. പോകാന്‍ ധൃതി ഉണ്ടായിരുന്നില്ല. താനോ ഡ്രൈവറോ വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടില്ല.മറ്റൊരാളിന്റെ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണു തര്‍ക്കവും സംഘര്‍ഷവുമുണ്ടായതെന്നാണ് അറിയുന്നതെന്നും എംഎല്‍എ കൂട്ടിച്ചേർത്തു. എന്നാല്‍ എഫ്‌ഐആറില്‍ എംഎല്‍എയുടെ കാര്‍ സംബന്ധിച്ച് പരാമര്‍ശമില്ല. പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് യുവാവിന് മര്‍ദനമേറ്റെന്നും മാലയും ഭാര്യയുടെ താലിമാലയും നഷ്ടപ്പെട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *