ബിഹാറിൽ മുൻ മന്ത്രി മുകേഷ് സാഹ്നിയുടെ പിതാവ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ
പട്ന ∙ വികാസ്‌ശീൽ ഇൻസാൻ പാർട്ടി (വിഐപി) പ്രസിഡന്റും ബിഹാറിലെ മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിയുടെ പിതാവ് ജിതൻ സാഹ്നി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. സുപൗൽ ബസാറിലെ ദർബംഗയിലെ വസതിയിൽ ചൊവ്വാഴ്ച രാവിലെയാണു സംഭവം.വികൃതമാക്കിയ നിലയിൽ രാവിലെയാണു ജിതന്റെ മൃതദേഹം കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. കൊലപാതത്തിന്റെ നടുക്കത്തിലാണു നാട്ടുകാർ. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെന്നു മുതിർന്ന ഉദ്യോഗസ്ഥൻ ജഗന്നാഥ് റെഡ്ഡി പറഞ്ഞു. ഒബിസി വിഭാഗത്തിൽ നല്ല സ്വാധീനമുള്ള വിഐപി പാർട്ടി, പ്രതിപക്ഷ ഇന്ത്യാസഖ്യത്തിലെ കക്ഷിയാണ്.