ലഹരിമരുന്ന് കേസിൽ നടി രാകുൽ പ്രീതിന്റെ സഹോദരൻ അറസ്റ്റിൽ; കൊക്കെയ്നും 35 ലക്ഷം രൂപയും പിടിച്ചെടുത്തു
ഹൈദരാബാദ്∙ ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അമൻ പ്രീത് സിങ് അറസ്റ്റിൽ. തിങ്കളാഴ്ച തെലങ്കാന പൊലീസാണ് അമൻ പ്രീത് സിങ്ങിനെയും മറ്റ് ഒൻപതു പേരെയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 199 ഗ്രാം കൊക്കെയ്ൻ കണ്ടെത്തി. പിടിയിലായവരിൽ ഒരു നൈജീരിയൻ സ്വദേശിയും ഉൾപ്പെടുന്നു. തെലങ്കാന ലഹരിവിരുദ്ധ ബ്യൂറോയും സൈബറാബാദ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിശാൽ നഗറിലെ ഫ്ലാറ്റിൽ നിന്ന് ഇവർ പിടിയിലായത്. പരിശോധനയിൽ കൊക്കെയ്ന് പുറമെ 35 ലക്ഷം രൂപയും പൊലീസ് സംഘം പിടിച്ചെടുത്തു.നൈജീരിയൻ സ്വദേശിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ലഹരിമരുന്നുമായി വിശാൽ നഗറിലെ ഫ്ളാറ്റിൽ എത്തിയത്. അമൻ പ്രീത് സിങ്ങിന് പുറമെ സുഹൃത്തുക്കളായ അനികേത് റെഡ്ഡി, പ്രസാദ്, മധുസൂധൻ, നിഖിൽ ദമൻ എന്നിവരാണ് സംഘത്തിൽ നിന്നും ലഹരിമരുന്ന് വാങ്ങിയത്. പ്രാഥമിക വൈദ്യ പരിശോധനയിൽ അമൻപ്രീതും സുഹൃത്തുക്കളും ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.
കൊക്കെയ്ൻ ഇവർക്ക് കൈമാറിയ നൈജീരിയൻ സ്വദേശിയായ ജോവാന ഗോമസ്, അല്ലം സത്യ വെങ്കിട ഗൗതം, അസീസ് നൊഹീം അദേഷോല, മുഹമ്മദ് മഹബൂബ് ഷെരീഫ്, സനാബോയ്ന വരുൺ കുമാർ എന്നിവരും അറസ്റ്റിലായി. നൈജീരിയയിൽ നിന്ന് കൊക്കെയ്ൻ എത്തിച്ച് നഗരത്തിലെ ഉപഭോക്താക്കൾക്ക് വിതരണം നടത്തുകയായിരുന്നു പിടിയിലായ സംഘമെന്ന് ഷംഷാബാദ് ഡിസിപി ശ്രീനിവാസ് അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ ഏകദേശം 2.6 കിലോഗ്രാം കൊക്കെയ്‌നാണ് ഇവർ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തതെന്നും അന്വേഷണം സംഘം കണ്ടെത്തി. ഇവരിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.