സംഗീതസംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം.
സംഗീതസംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. നടന്‍ ആസിഫ് അലിയെ അപമാനിക്കുന്ന തരത്തിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിമര്‍ശനം. എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ ‘മനോരഥങ്ങള്‍’ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘടാകര്‍ വേദിയിലേക്ക് ക്ഷണിച്ചത് ആസിഫ് അലിയെയായിരുന്നു. എന്നാല്‍ ആസിഫ് അലിയില്‍ നിന്ന് രമേശ് നാരായണന് പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സംവിധായകന്‍ ജയരാജിനെ വേദയിലേക്ക് വിളിച്ചുവരുത്തിയ രമേശ് നാരായണന്‍ ആസിഫിന്റെ കൈയ്യില്‍ നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിന് കൈമാറുകയും പിന്നാലെ അദ്ദേഹത്തില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയുമായിരുന്നു.ആസിഫ് അലിയോട് സംസാരിക്കാനോ മുഖത്ത് നോക്കാനോ രമേശ് നാരായണന്‍ തയ്യാറായില്ലെന്നും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പിന്നാലെ രൂക്ഷ വിമര്‍ശനമാണ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. രമേശ് നാരായണില്‍ നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നത്. അതേസമയം സംഭവത്തില്‍ ആസിഫ് അലിയോ രമേശ് നാരായണനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.